മാവോയിസ്റ്റ് സാന്നിധ്യം; കേരളമടക്കം 10 സംസ്ഥാനങ്ങളിലെ മുഖ്യമന്ത്രിമാരുമായി അമിത് ഷാ കൂടിക്കാഴ്ച നടത്തും


ദില്ലി: മാവോയിസ്റ്റ് സാന്നിധ്യം നിലനില്‍ക്കുന്ന കേരളമടക്കം പത്ത് സംസ്ഥാനങ്ങളിലെ മുഖ്യമന്ത്രിമാരുമായി കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ ഇന്ന് കൂടിക്കാഴ്ച നടത്തും. മാവോയിസ്റ്റുകള്‍ ഉയര്‍ത്തുന്ന സുരക്ഷാ വെല്ലുവിളി വിലയിരുത്തുന്നതിനൊപ്പം സായുധ സേനയുടെ പ്രവൃത്തിയും അവലോകനം ചെയ്യും. നക്സല്‍ ബാധിത പ്രദേശങ്ങളിലെ അടിസ്ഥാന സൗകര്യ വികസനവും യോഗത്തിന്‍റെ അജണ്ടയിലുണ്ട്. കേരളത്തിന് പുറമെ ഛത്തീസ്ഘട്ട്, മഹാരാഷ്ട്ര, ഒഡീഷ, പശ്ചിമബംഗാള്‍, ബിഹാര്‍, തെലങ്കാന, ആന്ധ്രപ്രദേശ് തുടങ്ങിയ സംസ്ഥാനങ്ങളിലെയും സാഹചര്യം വിലയിരുത്തും.
കോഴിക്കോട് ചക്കിട്ടപാറ പഞ്ചായത്തില്‍ ഒരു മാസത്തിനിടെ രണ്ട് തവണയാണ് സായുധ മാവോയിസ്റ്റ് സംഘം ജനവാസ മേഖലയിലെത്തിയത്. കഴിഞ്ഞ ആഴ്ച രണ്ട് സ്ത്രീകളടങ്ങുന്ന ആയുധധാരികളായ മാവോയിസ്റ്റ് സംഘമാണ് ചക്കിട്ടപ്പാറ പഞ്ചായത്ത് പ്ലാന്‍റേഷന്‍ വാർഡിലെ പേരാമ്പ്ര എസ്റ്റേറ്റിലെത്തിയത്. എസ്റ്റേറ്റ് മതിലിലും ബസ്റ്റോപ്പിലും പോസ്റ്ററൊട്ടിച്ച സംഘം ലഘുലേഖകള്‍ വിതരണം ചെയ്തെന്നും നാട്ടുകാർ പറഞ്ഞു. റീപ്ലാന്‍റേഷന്‍റെ മറവില്‍ തോട്ടത്ത ഖനന മാഫിയകൾക്ക് വിട്ടുകൊടുക്കരുതെന്നാണ് സിപിഐ മാവോയിസ്റ്റിന്‍റെ പേരിലുള്ള പോസ്റ്ററിലുള്ളത്. ഭീഷണിയുടെ പശ്ചാത്തലത്തില്‍ പഞ്ചായത്ത് പ്രസിഡന്റിന് മുഴുവന്‍ സമയ തണ്ടർബോൾട്ട് സുരക്ഷയൊരുക്കി.
0 Response to "മാവോയിസ്റ്റ് സാന്നിധ്യം; കേരളമടക്കം 10 സംസ്ഥാനങ്ങളിലെ മുഖ്യമന്ത്രിമാരുമായി അമിത് ഷാ കൂടിക്കാഴ്ച നടത്തും"
Post a Comment