ഓടി തലയിൽ കയറും, വാഹനങ്ങളിൽ കയറി സ്റ്റിയറിങ് തിരിക്കും; കുരങ്ങിന്റെ കുസൃതിയിൽ പൊറുതിമുട്ടി ദേലംപാടി പയറടുക്ക നിവാസികൾ

ഓടി തലയിൽ കയറും, വാഹനങ്ങളിൽ കയറി സ്റ്റിയറിങ് തിരിക്കും; കുരങ്ങിന്റെ കുസൃതിയിൽ പൊറുതിമുട്ടി ദേലംപാടി പയറടുക്ക നിവാസികൾ

ഓടി തലയിൽ കയറും, വാഹനങ്ങളിൽ കയറി സ്റ്റിയറിങ് തിരിക്കും; കുരങ്ങിന്റെ കുസൃതിയിൽ പൊറുതിമുട്ടി ദേലംപാടി പയറടുക്ക നിവാസികൾ




അഡൂർ: ആരെയും അധികം ‘തലയിൽ കയറ്റരുത്’. പ്രത്യേകിച്ച് ഹനുമാൻ കുരങ്ങിനെ. ദേലംപാടി പയറടുക്കയിലെ നാട്ടുകാരുടെ അനുഭവമാണിത്. ആളുകളെ കണ്ടാൽ ഓടി തലയിൽ കയറും, നിർത്തിയിട്ട വാഹനങ്ങളിൽ കയറി സ്റ്റിയറിങ് തിരിക്കും, കണ്ണാടി നോക്കി ചിരിക്കും, മൊബൈൽ ഫോണുകൾ അടിച്ചെടുക്കും, രാത്രി ഏതെങ്കിലും വീടിന്റെ ഓടിളക്കി അകത്തു കയറി സുഖമായി ഉറങ്ങുകയും ചെയ്യും. പയറടുക്കയിൽ രണ്ടാഴ്ച മുൻപെത്തിയ ഹനുമാൻ കുരങ്ങിന്റെ കുസൃതികളാണിത്.


കാടിറങ്ങിയെത്തിയ കുരങ്ങ് നാട്ടുകാരോടു സൗഹൃദം കൂടുകയാണെങ്കിലും അതിന്റെ ശല്യത്തിൽ പൊറുതിമുട്ടിയിരിക്കുകയാണു നാട്ടുകാർ. സാധാരണ കുരങ്ങുകളെ പോലെ കൃഷി നശിപ്പിക്കുകയോ മറ്റു ഉപദ്രവങ്ങളോ ചെയ്യുന്നില്ലെങ്കിലും ‘ഈ സ്നേഹപ്രകടനം’ തന്നെ സഹിക്കാൻ കഴിയുന്നില്ലെന്നു നാട്ടുകാർ പറയുന്നു.പുലിപ്പറമ്പിലെ റോഡരികിൽ നിൽക്കുകയായിരുന്ന കുരങ്ങിനു ബൈക്ക് യാത്രക്കാർ കൗതുകത്തിനു പഴം നൽകിയതാണു പൊല്ലാപ്പായി മാറിയത്. പഴം നൽകി ബൈക്ക് യാത്രക്കാർ പോയപ്പോൾ അവരെ പിന്തുടർന്നു കുരങ്ങ് പയറടുക്കയിൽ എത്തുകയായിരുന്നു. 


അവിടെയുള്ള കൃഷ്ണന്റെ കടയുടെ പരിസരമാണ് ഇപ്പോൾ പ്രധാനതാവളം. പേര മരത്തിൽ കയറി നിൽക്കുന്ന കുരങ്ങ് ആളുകളെ കണ്ടാൽ ചാടിയിറങ്ങി നേരെ അവരുടെ ദേഹത്തു കയറും. നിന്നു കൊടുത്താൽ തലയിൽ വരെ കയറും ആശാൻ! പിന്നെ അതിന്റെ ഭാഷയിൽ എന്തൊക്കെയോ പറയും. കടയിലെത്തുന്നവരും വാഹന യാത്രക്കാരും നൽകുന്ന പഴങ്ങളും മറ്റുമാണു പ്രധാന ഭക്ഷണം. വയർ നിറഞ്ഞില്ലെങ്കിൽ സമീപത്തെ വീടുകളിലേക്കും പോകും. ഇ‌തുവരെ ഈ മേഖലയിൽ ഹനുമാൻ കുരങ്ങിനെ ആരും കണ്ടിട്ടില്ല. ആദ്യമൊക്കെ കൗതുകമായിരുന്നെങ്കിലും ഇപ്പോൾ ബുദ്ധിമുട്ടായി തുടങ്ങിയെന്നു നാട്ടുകാർ പറയുന്നു. 


കാട്ടിൽ നിന്നല്ല, ആരോ വളർത്തിയ കുരങ്ങാണെന്നും ഇവർക്കു സംശയമുണ്ട്. സാധാരണ ഹനുമാൻ കുരങ്ങുകൾ ആളുകളെ കണ്ടാൽ കാട്ടിലേക്കു കയറുകയാണു പതിവ്. എന്നാൽ ഇത് ആളുകളെ കണ്ടാൽ ദേഹത്തേക്കാണു കയറുന്നത്. മാത്രമല്ല ഇതിന്റെ നഖവും മറ്റും വെട്ടി വൃത്തിയാക്കിയ നിലയിലുമാണ്. മുൻവശത്തെ ചില പല്ലുകൾ പറിച്ചെടുത്തിട്ടുമുണ്ട്.  വളർത്തിക്കൊണ്ടിരുന്ന കുരങ്ങിനെ, നിയമം ഭയന്നോ ശല്യം കാരണമോ ഉപേക്ഷിച്ചതാകാമെന്നും സംശയമുണ്ട്. കൃഷ്ണൻ കട അടച്ചു പോകുമ്പോൾ കൂടെ പോകുന്ന കുരങ്ങ് രാത്രി ഇദ്ദേഹത്തിന്റെ വീട്ടിൽ ഓടിളക്കി കയറും. ഇതു ചാടി പല വീടുകളുടെയും ഓടുകളും ഷീറ്റുകളും തകർന്നു. വാഹനങ്ങളുടെ സീറ്റുകൾ മാന്തിപ്പൊളിച്ചു. കുരങ്ങിനെ ഒഴിവാക്കാൻ സഹായം തേടി വനംവകുപ്പിനെ സമീപിച്ചിരിക്കുകയാണു നാട്ടുകാർ.

0 Response to "ഓടി തലയിൽ കയറും, വാഹനങ്ങളിൽ കയറി സ്റ്റിയറിങ് തിരിക്കും; കുരങ്ങിന്റെ കുസൃതിയിൽ പൊറുതിമുട്ടി ദേലംപാടി പയറടുക്ക നിവാസികൾ"

Post a Comment

Ads Atas Artikel

Ads Center 1

Ads Center 2

Ads Center 3