വ്യാജ പ്രചാരണം: കാസർഗോഡ് താലൂക്ക് സപ്ലൈ ഓഫിസിലേക്ക് അപേക്ഷകരുടെ പ്രവാഹം

വ്യാജ പ്രചാരണം: കാസർഗോഡ് താലൂക്ക് സപ്ലൈ ഓഫിസിലേക്ക് അപേക്ഷകരുടെ പ്രവാഹം

വ്യാജ പ്രചാരണം: കാസർഗോഡ് താലൂക്ക് സപ്ലൈ ഓഫിസിലേക്ക് അപേക്ഷകരുടെ പ്രവാഹം




കാസർകോട് ∙ എപിഎൽ കാർഡുകൾ ബിപിഎൽ ആക്കി മാറ്റുന്നതിനുള്ള അപേക്ഷ സ്വീകരിക്കുന്നതിനുള്ള കാലാവധി ഇന്നലെ അവസാനിക്കുമെന്ന വ്യാജ പ്രചാരണത്തെ തുടർന്നു കാസർകോട് താലൂക്ക് സപ്ലൈ ഓഫിസിലെത്തിയതു നൂറുകണക്കിനാളുകൾ. പ്രായമുള്ള സ്ത്രീകൾ ഉൾപ്പെടെയുള്ളവരാണു തുറക്കുന്നതിനു മുൻപേ ഓഫിസിലെത്തിയത്. സാമൂഹ്യ മാധ്യമങ്ങളിലൂടെ പ്രചരിച്ച ഒരു കുറിപ്പ് അടിസ്ഥാനമാക്കിയാണു താലൂക്ക് പരിധിയിലുള്ളവർ ഓഫിസിലേക്ക് എത്തിയത്. അപേക്ഷ നൽകാനായി എത്തിയവരോട് അവർക്കു ലഭിച്ച സന്ദേശം വ്യാജമാണെന്നും കോവിഡ് സാഹചര്യത്തിൽ തിരക്കു കൂട്ടാതെ പിരിഞ്ഞു പോകണമെന്നു സപ്ലൈ ഓഫിസ് അധികൃതർ അറിയിച്ചിട്ടും പിരിഞ്ഞു പോയില്ല. ഒടുവിൽ എത്തിയവരുടെ അപേക്ഷകൾ സ്വീകരിച്ചു ടോക്കൺ നൽകി തിരിച്ച് അയക്കുകയായിരുന്നു.


കാസർകോട് താലൂക്ക് പരിധിയിലെ ദേലമ്പാടി, അഡൂർ, ബദിയടുക്ക, കുറ്റിക്കോൽ, ആദൂർ, മധൂർ, ചെങ്കള, കാസർകോട് നഗരസഭ എന്നിവിടങ്ങളിൽ നിന്നാണു നൂറുകണക്കിനാളുകൾ ബിപിഎൽ കാർഡിന് അപേക്ഷിക്കാനായി ഓഫിസിലെത്തിയത്. അവസാന ദിവസം ആണെന്നു തെറ്റിദ്ധരിച്ചു കൂലിപ്പണിക്കു പോകുന്നവരടക്കമുള്ളവർ പണി ഉപേക്ഷിച്ചാണ് എത്തിയത്. അപേക്ഷ നൽകാൻ എത്തിയവരിൽ ഏറെയാളുകൾക്കും പഞ്ചായത്ത് അംഗങ്ങൾ വഴിയാണ് സന്ദേശം ലഭിച്ചതെന്നു പറയുന്നു. ആളുകൾ കൂട്ടത്തോടെ എത്തിയതോടെ അപേക്ഷ നൽകാനെത്തിയവരുടെ നിര ഒന്നാം നിലയിൽ നിന്നു തുടങ്ങി താഴത്തെ നിലയിലെ പ്രവേശന കവാടം വരെയായി. ഇതു കാരണം മറ്റാവശ്യങ്ങൾക്കായി കെട്ടിടത്തിൽ മറ്റു ഓഫിസുകളിലേക്കു പോകേണ്ടവർക്കും പ്രയാസമായി.


പിന്നീടു സപ്ലൈ ഓഫിസിൽ നിന്നു വിവരം അറിയിച്ചതിനെ തുടർന്നു പൊലീസെത്തി കൂടി നിന്നവരോടു പിരിഞ്ഞു പോകാൻ ആവശ്യപ്പെട്ടെങ്കിലും എല്ലാവരും ഇതു ചെവികൊണ്ടില്ല. അതിരാവിലെ തന്നെ ദൂരെ സ്ഥലത്തു നിന്നെത്തിയവർ ഉദ്യോഗസ്ഥരോടു അപേക്ഷ സ്വീകരിക്കണമെന്നു കരഞ്ഞു പറഞ്ഞു. വൈകിട്ട് 4 മണി വരെയും അപേക്ഷയുമായി എത്തിയവർ ഉണ്ടായിരുന്നതായും 50 അപേക്ഷയിൽ അദാലത്ത് നടത്തിയതായി അധികൃതർ അറിയിച്ചു.


ബിപിഎൽ കാർഡ് ഉടമകൾ 1,35,548


ജില്ലയിൽ ആകെയുള്ള 32,7665 റേഷൻ കാർഡുകളിൽ ബിപിഎൽ കാർഡ് ഉടമകൾ 1,35,548. ഇന്നലെ വരെയുള്ള കണക്കുകൾ പ്രകാരമുള്ള വിവരങ്ങളാണിത്. 1,92,117 കുടുംബങ്ങളാണ് എപിഎൽ വിഭാഗത്തിലുള്ളത്. ബിപിഎൽ വിഭാഗത്തിൽ ഉണ്ടായ ഒട്ടേറെ കുടുംബങ്ങൾ അടുത്തിടെയാണു സംസ്ഥാന സർക്കാർ കർശന നടപടി സ്വീകരിക്കുമെന്നു മുന്നറിയിപ്പ് നൽകിയതിനെ തുടർന്നു എപിഎൽ വിഭാഗത്തിലേക്കു മാറിയത്.ഓരോ താലൂക്ക് പരിധിയിലെ ബിപിഎൽ കുടുംബങ്ങൾ: ഹൊസ്ദുർഗ്–49023, കാസർകോട്,38779, മഞ്ചേശ്വരം 24106, വെള്ളരിക്കുണ്ട്– 23640. എപിഎൽ കുടുംബങ്ങൾ ഹൊസ്ദുർഗ്–68190. കാസർകോട്–58538,മഞ്ചേശ്വരം–40113, വെള്ളരിക്കുണ്ട് 25,276.


വൈദ്യുതിയില്ലാത്ത വീടുകൾ 132


സമ്പൂർണ വൈദ്യുതീകരണമെന്ന് അവകാശപ്പെടുമ്പോഴും ജില്ലയിൽ റേഷൻ കാർഡുള്ള 132 കുടുംബങ്ങളിൽ വൈദ്യുതിയില്ല. ഇതിലേറെയും വെള്ളരിക്കുണ്ടിൽ താലൂക്ക് സപ്ലൈ ഓഫിസിന്റെ പരിധിയിലാണ്. ഇവിടെ 55 കുടുംബത്തിനാണു വൈദ്യുതി ഇല്ലാത്തത്. കാസർകോട് (49), മഞ്ചേശ്വരം(25), ഹൊസ്ദുർഗ് (3) കുടുംബത്തിനുമാണു വൈദ്യുതി വെളിച്ചം എത്താത്തത്. 327640 കുടുംബത്തിന്റെ വീടുകളിൽ വൈദ്യുതിയുണ്ട്.


എപിഎൽ കാർഡുകൾ ബിപിഎൽ ആക്കി മാറ്റുന്നതിനുള്ള അപേക്ഷ സ്വീകരിക്കുന്നതിനുള്ള അവസാന കാലാവധി ഇതുവരെ തീരുമാനിച്ചിട്ടില്ല. റേഷൻ കാർഡുകൾ നൽകുന്നതു പോലെ എപിഎൽ കുടുംബത്തിന്റെ കാർഡുകൾ ബിപിഎൽ കാർഡുകളാക്കി മാറ്റുന്നതിനുള്ള അപേക്ഷകളും എല്ലായിടത്തും സ്വീകരിക്കുന്നുണ്ട്. വ്യാജ പ്രചാരണങ്ങൾ തള്ളിക്കളയണം.

കെ.പി.അനിൽകുമാർ ജില്ലാ സപ്ലൈ ഓഫിസർ


ബിപിഎൽ കാർഡ് ആക്കി മാറ്റുന്നതിനുള്ള അപേക്ഷ നൽകാനുള്ള കാലാവധി ഇന്നലെ അവസാനിക്കുമെന്നു വാട്സാപ്പിൽ ലഭിച്ച സന്ദേശത്തെ തുടർന്നാണു രാവിലെ അപേക്ഷയുമായി എത്തിയത്. എന്നാൽ ഓഫിസിൽ എത്തിയപ്പോഴാണു ഇതു വ്യാജ പ്രചാരണമാണെന്ന് അറിഞ്ഞത്. സപ്ലൈ ഓഫിസ് അധികൃതർ പത്രമാധ്യമങ്ങളിൽ ഇതു വ്യാജമാണെന്നു അറിയിപ്പ് നൽകിയിരുന്നെങ്കിൽ കോവിഡ് സമയത്ത് ഇത്രയും ആൾക്കൂട്ടം എത്തുന്നത് ഒഴിവാക്കാമായിരുന്നു.

ബി.എ.മുഹമ്മദ് അഷ്റഫ്, പട്ട്ല

0 Response to "വ്യാജ പ്രചാരണം: കാസർഗോഡ് താലൂക്ക് സപ്ലൈ ഓഫിസിലേക്ക് അപേക്ഷകരുടെ പ്രവാഹം"

Post a Comment

Ads Atas Artikel

Ads Center 1

Ads Center 2

Ads Center 3