കേന്ദ്ര പൊതുമേഖലയിലെ 51ശതമാനം ഓഹരി സംസ്ഥാന സര്‍ക്കാര്‍ ഏറ്റെടുക്കുന്നതിനൊപ്പം കാസര്‍കോട്ടെ ഇലക്ട്രിക്കല്‍ മെഷീന്‍സ് ലിമിറ്റഡ് പുനരുദ്ധരിക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ പറഞ്ഞു. കാസര്‍കോട് ബെദ്രടുക്കയിലെ ഭെല്‍ ഇ.എം.എല്‍ കമ്പനിയുടെ ഏറ്റെടുക്കല്‍ പ്രഖ്യാപനം നടത്തുകയായിരുന്നു അദ്ദേഹം. ട്രാക്ഷന്‍ മോട്ടോറുകള്‍, കണ്ട്രോളറുകള്‍, റെയില്‍വേ, പ്രതിരോധ മേഖലയിലേക്ക് ആവശ്യമായ ആള്‍ട്ടര്‍നേറ്ററുകള്‍, വൈദ്യുതി മേഖലയിലേക്ക് ആവശ്യമായ സ്ട്രീറ്റ് ലൈറ്റ് കണ്ട്രോളറുകള്‍ തുടങ്ങിയവ ഉത്പാദിപ്പിക്കുന്ന മാതൃകാ സ്ഥാപനമായി കാസര്‍കോട്ടെ ഇ.എം.എല്‍ കമ്പനിയെ ഉയര്‍ത്തും. കമ്പനി പുനരുദ്ധാരണത്തിനുള്ള 43 കോടിയും 34 കോടി രൂപയുടെ ബാധ്യതയും ചേര്‍ത്ത് 77 കോടി രൂപ ചിലവഴിച്ചാണ് സ്ഥാപനം സര്‍ക്കാര്‍ ഏറ്റെടുക്കുന്നതെന്നും കഴിഞ്ഞ രണ്ടു വര്‍ഷമായി തൊഴിലോ ശമ്പളമോ ഇല്ലാതെ കഷ്ടപ്പെടുന്ന ജീവനക്കാര്‍ക്ക് 14കോടിയോളം രൂപയുടെ ശമ്പളകുടിശികയും സര്‍ക്കാര്‍ നല്‍കുമെന്നും മുഖ്യമന്ത്രി പറഞ്ഞു.
നേരത്തെ സംസ്ഥാന പൊതുമേഖലയില്‍ ഉണ്ടായിരുന്ന കാസര്‍കോട്ടെ ഇ.എം.എല്‍ കമ്പനിയുടെ 51 ശതമാനം ഓഹരികള്‍ മഹാരത്ന കമ്പനിയായ ഭെല്ലിന് കൈമാറി. സംയുക്ത സംരഭമായപ്പോള്‍ കൂടുതല്‍ വൈവിധ്യവത്കരിക്കുക എന്നതായിരുന്നു ലക്ഷ്യം. പക്ഷെ പ്രതീക്ഷിച്ച നേട്ടമുണ്ടായില്ല എന്നതാണ് അനുഭവം. പ്രശസ്തമായ പൊതുമേഖല സ്ഥാപനങ്ങളെ ഉള്‍പ്പെടെ സ്വകാര്യവത്കരിക്കാനുള്ള നീക്കമാണ് നടക്കുന്നത്. കേരളത്തിലെ സ്ഥാപനങ്ങളെ സ്വകാര്യവത്കരിക്കാന്‍ നീക്കം നടത്തുമ്പോള്‍ അവയെ പൊതുമേഖലയായി തന്നെ നിലനിര്‍ത്താനുള്ള സമീപനമാണ് സംസ്ഥാന സര്‍ക്കാരിനുള്ളത്. പൊതുമേഖലാ സ്ഥാപനങ്ങളുടെ പ്രധാന്യം തിരിച്ചറിയുന്ന സര്‍ക്കാരാണ് കേരളത്തിലുള്ളത്. എല്ലാ പൊതുമേഖലാ സ്ഥാപനങ്ങളെയും ലാഭത്തിലാക്കുക എന്നതാണ് സര്‍ക്കാര്‍ ലക്ഷ്യമെന്നും മുഖ്യമന്ത്രി ഭെല്‍ ഇ.എം.എല്‍ ഓഹരി ഏറ്റെടുക്കല്‍ പ്രഖ്യാപനത്തില്‍ പറഞ്ഞു.
0 Response to "അത്യാധുനിക സംവിധാനത്തോടെ കാസര്‍കോട്ടെ ഇ.എം.എല്‍ കമ്പനി പുനരുദ്ധരിക്കും : മുഖ്യമന്ത്രി പിണറായി വിജയന്‍"
Post a Comment