ഗോപിനാഥ് പോകില്ലെന്ന് ഉറപ്പുണ്ട്, പാലക്കാട്ടെ പ്രത്യേക സാഹചര്യമാണ് പ്രശ്നങ്ങൾക്ക് കാരണമെന്ന് സുധാകരൻ


തിരുവനന്തപുരം:എ.വി ഗോപിനാഥ് പാർട്ടിയിൽ നിന്ന് പോകില്ല എന്ന് ഉറപ്പുണ്ടെന്ന് കെപിസിസി അധ്യക്ഷൻ കെ സുധാകരൻ. ഗോപിനാഥിനെ പാർട്ടിയിൽ സക്രിയമാക്കാനുള്ള നടപടികളായിരിക്കും കെപിസിസി അധ്യക്ഷൻ എന്ന നിലയ്ക്ക് തന്റെ ഭാഗത്ത് നിന്നുണ്ടാവുക എന്നും അദ്ദേഹം മാധ്യമങ്ങളോട് പറഞ്ഞു.ഡിസിസി പട്ടികയുമായി ബന്ധപ്പെട്ട തർക്കം അടഞ്ഞ അധ്യായമാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
പാലക്കാടുള്ള ഒരു പ്രത്യേക സാഹചര്യത്തിൽ എവി ഗോപിനാഥ് എടുത്ത തീരുമാനമാണ് പ്രാഥമിക അംഗത്വം രാജിവെക്കുക എന്നത്. ആ തീരുമാനം അദ്ദേഹം എന്നോട് ചർച്ച ചെയ്തിരുന്നു. ഞങ്ങൾ തമ്മിലുള്ള ബന്ധം അതിരൂഢമാണ്. വളരെ അടുത്ത, ഉള്ളിൽ തട്ടിയ ബന്ധമാണ് ഞങ്ങളുടേത്. അങ്ങനെ കൈയൊഴിയാൻ ഗോപിനാഥിന് കഴിയില്ല. അതു കൊണ്ട് പൂർണ്ണമായും ആത്മവിശ്വാസത്തിലാണ്.
പാർട്ടിവിട്ട് ഗോപിനാഥ് ഒരിടത്തും പോകില്ല. അദ്ദേഹത്തെ പാർട്ടിയിൽ സക്രിയമാക്കാനുള്ള നടപടികളായിരിക്കും കെപിസിസി അധ്യക്ഷൻ എന്ന നിലയ്ക്ക് എന്റെ ഭാഗത്ത് നിന്നുണ്ടാവുക. അത് പൂർണ്ണമായും പ്രാവർത്തികമാക്കുമെന്നും കെ സുധാകരൻ പറഞ്ഞു.
അതേസമയം ഡിസിസി പട്ടിക പുറത്തുവിട്ടതിന് പിന്നാലെ നേതാക്കൾ നടത്തുന്ന പരസ്യ പ്രതികരണം ഭൂഷണമാണോ എന്ന് അവര് തന്നെ ചിന്തിക്കണമെന്നും എല്ലാവരും ബഹുമാനിക്കുന്ന നേതാക്കൾ ഇക്കാര്യം സ്വയം പരിശോധിക്കണമെന്നും അദ്ദേഹം പറഞ്ഞു.
പാർട്ടിയിൽ ഗ്രൂപ്പാധിപത്യം കഴിഞ്ഞു. രണ്ട് ചേരിയിൽ നിന്ന് വരുന്ന പേരുകളുടെ സംയോജനമല്ല ഡിസിസി പട്ടിക. ഭാരവാഹി പട്ടികയിലും ഇത് പ്രതിഫലിക്കുമെന്ന് കെ സുധാകരൻ വ്യക്തമാക്കി.
മുതിർന്ന നേതാക്കളായ ഉമ്മൻ ചാണ്ടിയും രമേശ് ചെന്നിത്തലയും എന്നും താങ്ങും തണലായി കൂടെയുണ്ടാവണമെന്നാണ് ആഗ്രഹം. അത് സാധ്യമാക്കാൻ അവർ സഹകരിക്കണമെന്ന് അദ്ദേഹം മാധ്യമങ്ങളോട് പറഞ്ഞു.
0 Response to "ഗോപിനാഥ് പോകില്ലെന്ന് ഉറപ്പുണ്ട്, പാലക്കാട്ടെ പ്രത്യേക സാഹചര്യമാണ് പ്രശ്നങ്ങൾക്ക് കാരണമെന്ന് സുധാകരൻ"
Post a Comment